
കേരളത്തിലെ ദേവസ്വം ബോർഡുകളുടെ മാതൃകയിൽ ക്ഷേത്ര കാര്യങ്ങളിൽ ഇടപെടാൻ കേന്ദ്രസർക്കാർ ദേവസ്വം ബോർഡ് രൂപീകരിക്കുമെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. കേന്ദ്രതലത്തിൽ ദേവസ്വംബോർഡ് പോലെ ഒരുസംവിധാനം വരുന്നതോടെ എല്ലാ ആരാധനാലയങ്ങളുടെയും പ്രവർത്തനം ഒരേരീതിയിലാകുമെന്നും സുരേഷ് ഗോപി പറഞ്ഞു. പാലാ മേവട പുറക്കാട്ട് ദേവീക്ഷേത്രം ആൽത്തറയിൽ കേന്ദ്രമന്ത്രിയുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച നടത്തിയ കലുങ്ക് സഭയിൽ സംസാരിക്കവെയാണ് കേന്ദ്രതലത്തിൽ ദേവസ്വം ബോർഡ് വരുമെന്ന് സുരേഷ് ഗോപി വ്യക്തമാക്കിയത്.
ഓപ്പറേഷൻ സിന്ദൂർ വിജയത്തിനുശേഷം ഏകീകൃത സിവിൽകോഡ് വരുമെന്ന് അമിത് ഷാ പറഞ്ഞിരുന്നു. അതിലും നമുക്ക് ഉറച്ചുവിശ്വസിക്കാം -സുരേഷ് ഗോപി പറഞ്ഞു. എയിംസ് വന്നാൽ കേരളത്തിന്റെ തലയിലെഴുത്ത് മാറുമെന്നും സുരേഷ് ഗോപി പറഞ്ഞു. അതിനായി തറക്കല്ലെങ്കിലും ഇടാതെ അടുത്തതവണ വോട്ട് ചോദിച്ച് ജനസമക്ഷം എത്തുകയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനായി സംസ്ഥാന സർക്കാർ സഹായിക്കണമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
ആലപ്പുഴയിൽ എയിംസ് സ്ഥാപിക്കണമെന്നാണ് ആഗ്രഹം. ഇതിനായി സ്ഥലം അനുവദിക്കണമെന്ന് ക്ളിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയോട് നേരിട്ട് പറഞ്ഞു. അദ്ദേഹം എനിക്കൊപ്പം ഹെിലികോപ്ടറിൽ വന്നാൽ ആലപ്പുഴ ഉദയാ സ്റ്റുഡിേയായുടെ 300 ഏക്കറും അതിന് ചുറ്റുമായി അത്രതന്നെ സ്ഥലവും കാട്ടിക്കൊടുക്കാം. ഇവിടെ എയിംസ് വന്നാൽ തൊട്ടടുത്ത ജില്ലകൾക്കും ഗുണമാകും. കുമരകത്തിന്റെ വിനോദസഞ്ചാരമേഖലയും വികസിക്കും. കുമരകം കടന്ന് കോട്ടയംവഴി മധുരവരെയുള്ളവർക്ക് എയിംസ് ഗുണകരമാകും- അദ്ദേഹം പറഞ്ഞു.








